Monday, November 28, 2011

താക്കോല്‍ ദ്വാരം

എന്‍റെ നെഞ്ചിന്‍കൂടില്‍
നിങ്ങളൊരു ദ്വാരമിട്ടു..
ഒരു 'താക്കോല്‍ ദ്വാരം'...

എന്‍റെ പതിരിലേക്ക് നിങ്ങളിറക്കി-
യൊരു ക്യാമറ,
വീണ്ടുമിരുദ്വാരമിട്ടതു
തുരുമ്പിച്ച താക്കോല്‍ കൊണ്ടോ?

അല്ല, തിളങ്ങുന്ന പുതുപുത്തന്‍
താക്കോലാണതെന്നു ഞാ-
നോര്‍ത്തുപോയ്‌.

ഒരു തരിമ്പു വേദനയോടെ ഞാന്‍
മേലോട്ടുയര്‍ന്ന നേരം
പിടിച്ചടക്കിയോരധര്‍മത്തിന്മേല്‍
ധര്‍മ്മം നേടിയ വിജയം പോല്‍
സ്ക്രീനില്‍ കാണും പുതുചിത്രം നോക്കി
നിങ്ങളെന്നെ അറുത്തു മുറിച്ചു.

എന്‍റെ പതിരില്‍ ഒളിച്ചുറങ്ങിയ
കറകള്‍ കഴുകിമാറ്റി...
അവിടെ പനിനീര്‍ തളിച്ചു,
പുതുവാസന പരത്തി,
നിങ്ങളതു തുന്നികൂട്ടി...
രണ്ടു ദ്വാരങ്ങള്‍ നിങ്ങളടച്ചു,
മൂന്നാമത്തെ ദ്വാരം, വീണ്ടും
അതില്‍ ഒരു കുഴലിറക്കി,
എന്‍റെ പതിരില്‍ ഇനിയും
കേടുണ്ടത്രേ......!

ഒടുവില്‍ ആ ദ്വാരം താനേ
അടഞ്ഞപ്പോള്‍ ഞാനറിഞ്ഞു
താക്കോല്‍ ദ്വാരത്തിന്‍റെ മഹത്വം....

( ഇതെന്‍റെ ജീവിതത്തിലെ രക്തം പുരണ്ട ഒരേട് )

രക്തസാക്ഷി

ഞാനിന്നലെ ഒരു കവിതയെഴുതി
നിങ്ങളതു കുപ്പത്തൊട്ടിയില്‍
വലിച്ചെറിഞ്ഞു.....

നേരുള്ളൊരു, നേരറിയാത്തൊരു
കവിതക്കായ്‌ എന്നിരു കരങ്ങളും
നിങ്ങള്‍ നാളെ അടര്‍ത്തിയെടുത്താല്‍
പെയ്തിറങ്ങും ചുടുരക്തം...
രക്തത്തിന്‍ നിറം ചുവപ്പ്,
കടും ചുവപ്പ്...!

അപ്പോള്‍ ഞാന്‍ എന്‍റെ നാക്ക്
കൊണ്ടെഴുതും
നിങ്ങളെന്‍ നാവരിഞ്ഞിടും

വീണ്ടും ഞാന്‍ എഴുതും, എന്‍റെ
ചെവികള്‍ കൊണ്ട്
നിങ്ങളെന്‍റെ ഇരു ചെവികളും അരിഞ്ഞിടും..

ഒടുവില്‍ ഞാനെന്‍റെ കണ്ണുകള്‍
കൊണ്ട് ചാലിച്ചെഴുതുമൊരു കവിത
നിങ്ങളെന്‍ കണ്ണുകള്‍ ഓരോന്നും
പിഴുതെറിയും

എന്‍റെ കാലുകള്‍ പിടഞ്ഞെണീറ്റു
മറ്റൊരു കവിതക്കായ്‌ ഓടുമ്പോള്‍
നിങ്ങളെന്‍ കാലുകള്‍ വെട്ടിമാറ്റും
എങ്ങും രക്തമയം....!

ചുടു ചോരയുടെ മണം എന്‍റെ
നാസികകളില്‍ അടിച്ചുകയറി,
എനിക്ക് ശ്വാസം മുട്ടി,
ഞാന്‍ മരിച്ചു വീണു,
ചോര കൊണ്ടു ചുവന്ന ഒരു
ചെന്തുണി പുതപ്പിച്ചു,
എന്നെ ദഹിപ്പിച്ചു,
ഞാനൊരു പിടി ചാരമായി...!

ഇനി ഞാനൊന്നു ചോദിച്ചോട്ടെ..
എന്‍ കവിതയെ നിങ്ങള്‍ മുരിക്കുമോ..??
മുറിച്ചാല്‍ രക്തം വരുമോ..??
ആ രക്തത്തിന്‍ നിറമെന്ത്..????

വിഫലമീ ജീവിതം

ഇന്നിളം വെയിലില്‍ കൊടും പച്ചയോന്ന്
മുറിഞ്ഞിളം പച്ചയായ്‌, മൊഴിഞൊര-
ത്ഭുദ പക്ഷിയായ് പേറും മുഴപ്പില്‍
സത്തിന്നാറ്റിക്കുടിച്ച്, വളഞ്ഞെണിറ്റ്
കാല്‍ കഴുകി കയറിയൊരാങ്കണത്തില്‍
വിളക്കൂതി കെടുത്തി പൊടുന്നനെ-
യുയര്‍ത്തി‌യൊരു രോദനം,ഇതെന്‍റെ
ആത്മരോദനമല്ല, നീയെന്‍റെ
മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രഹസനം,
നിന്‍ മാറാപ്പ് ചുമന്നതിന്‍
അഗ്നിയില്‍ വാര്‍ത്തൊരു സംമാനമാണി-
തെന്ന ചിന്ത എന്നിരു കാതുകളെയും
മൂകമാക്കി എന്ന കളവില്‍ നിന്നുയര്‍ന്ന
ചിത്രമല്ലോ, ഇന്നീ കാണും ജീവിതം

ക്ലാസ്‌റൂം

സാറ് ക്ലാസ്സില്‍ കയറി
ഞങ്ങളെ നോക്കി
ഞങ്ങളും സാറിനെ നോക്കി
സാറ് വീണ്ടും ഞങ്ങളെ നോക്കി
പക്ഷെ, ഞങ്ങള്‍ നോക്കിയില്ല
സാറ് കണ്ണുരുട്ടി
ഞങ്ങള്‍ മുഷ്ടിചുരുട്ടി
സാറ് മേശയില്‍ കയറിയിരുന്നു
ഞങ്ങള്‍ കയര്‍ത്തു
സാറ് വിയര്‍ത്തു

പര്യപേക്ഷ

പതിരാവെയിലില്‍ വാടിതളര്‍ന്നു
കിതച്ചുകൊണ്ടു ഞാനോര്‍ത്തു
പാടം നിറയെ ചെങ്കൊടി
നാട്ടിയത് ആര്‍ക്കുവേണ്ടി?
കുലംവാഴും തമ്പുരാനും
അടിമയും ഉടമയും
ജന്മിയും അടിയാനും
ഇന്നുറങ്ങുന്നത് ഒരു കൂരയ്ക്കുള്ളില്‍
എന്നിട്ടും നീയുറങ്ങിയില്ലേ?
നിങ്ങളുറങ്ങിയില്ലേ?
ഉറങ്ങാന്‍ നിങ്ങളിതുവരെ ഉണര്‍ന്നിട്ടില്ലാ-
യെന്ന സത്യം ഞാനോര്‍ത്തതില്ല
മഴമേഘങ്ങള്‍ ഘോരം
പെയ്തുകഴിഞ്ഞു,
മിന്നിചിതറും ഒളിയമ്പുകള്‍
എന്‍റെ തൊടിയിലെ പുല്‍നാമ്പുകള്‍
കരിക്കുമ്പോള്‍ ഞാന്‍ കരഞ്ഞില്ല
എന്‍റെ കണ്ണുനീര്‍ നിന്‍റെ പാദത്തില്‍ വീണില്ല
പകരം ഞാന്‍ ചിരിച്ചു,
പൊട്ടിച്ചിരിച്ചു!

നിന്‍റെ വ്യഥയോര്‍ത്ത് ആകുലപ്പെടാന്‍
എനിക്കു സമയമില്ല
പകരം,
നല്ലൊരു നാളെക്കായി വാര്‍ക്കാമൊരു പ്രതലം
ചുവടുകള്‍ പിഴക്കാതെ ഒരുമിക്കാം
തുള്ളികളൊന്നും ചിന്തിടാതെ
വേണ്ട, നമുക്ക് വെള്ളരിപ്രാവുകലാകേണ്ട
വേണ്ട, നാം രക്തസാക്ഷികളാകേണ്ട
ആകെയാകെണ്ടാതിതു മാത്രം
മനുഷ്യനെന്ന പദത്തിനോരര്‍ത്തമുണ്ടെന്ന കാര്യം
മാത്രം
അറിഞ്ഞിടുക നാം...